ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ഇടയിൽ നിന്നും തുടങ്ങുന്നു. മന്നാൻ സമുദായക്കാരാണ് ആദിവാസി വിഭാഗങ്ങളിൽ മുഖ്യം. ഒരിടത്തും സ്ഥിരമായി താമസിക്കുന്ന സ്വഭവം ഇവർക്കില്ലായിരുന്നു. നായാട്ടും മീൻ പിടുത്തവും ഇവരുടെ ഉപജീവന മാർഗ്ഗങ്ങളായിരുന്നു. ക്രമേണ അംഗസംഖ്യ വർദ്ധിച്ചു. ഭക്ഷ്യദൌർലഭ്യം അനുഭവപ്പെട്ടു. കാടുവെട്ടിതെളിച്ച് ക്യഷിചെയ്ത് ജീവിത മാർഗ്ഗം സ്വയം കണ്ടെത്തിയ ഇവർ ഒരു വലിയ ജനവിഭാഗമായി വളർന്നു. മന്നാൻമാരുടെ തലവനായി അറിയപ്പെട്ടിരുന്ന ആളിന് രാജമന്നാൻ എന്ന സ്ഥാനപ്പേര് ലഭിച്ചു. കാഞ്ചിയാറിലായിരുന്ന ആസ്ഥാനം ഇപ്പോള്‍ കോഴിമലയിൽ പ്രവർത്തിക്കുന്നു.

വാഴത്തോപ്പിലേക്ക് ഉണ്ടായ ആദ്യത്തെ കുടിയേറ്റം ഈ വനപ്രദേശങ്ങളിൽ വസിച്ചിരുന്ന മന്നാൻമാരുടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങള്‍ വരുത്തി. 1949 ഏപ്രിൽ 19-ന് ഈ പഞ്ചായത്ത് അതിർത്തിക്കുളളിൽ 20 പേർക്കായി വനഭൂമി അനുവദിച്ചു. 

ഇടുക്കി ജലവൈദ്യുതി പദ്ധതിയ്ക്ക് ആദിവാസിയായ കൊലുമ്പൻ നൽകിയ സംഭാവനയാണ് പഞ്ചായത്തിന്‍റെ വികസനത്തിന് ആക്കംകൂട്ടിയത്. ഈ പദ്ധതിക്കുളള സ്ഥലം നിർദ്ദേശിച്ചത് ആദിവാസിയായ കൊലുമ്പൻ ആയിരുന്നു. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി വെളളാപ്പാറയിൽ ഒരു സ്മാരകം പണിത് അദ്ദേഹത്തെ ആദരിക്കുന്നു. വാഴത്തോപ്പിലേക്കുളള ഗതാഗതം ഇന്നു കാണുന്ന രീതിയിൽ വികസിച്ചതും ഇടുക്കി പദ്ധതിയുടെ ഭാഗമായിട്ടാണ്. 1972-ൽ ഇടുക്കി ജില്ല രൂപികരിച്ചു. 1976-ൽ കോട്ടയത്തു നിന്നും ആസ്ഥാനം പൈനാവിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്ന് പട്ടയത്തിന് വേണ്ടിയും കുടിയിറക്കിനെതിരെയുമുളള നിരവധി പ്രക്ഷേഭങ്ങള്‍ നടക്കുകയുണ്ടായി.

ലോവർ-അപ്പർ പ്രൈമറി സ്കൂളുകള്‍, പോളിടെക്കിനിക്ക്, എഞ്ചിനീയറിംഗ് കോളേജുകള്‍, ഹയർ സെക്കൻഡറി, പ്ലസ് ടു സ്കൂളുകള്‍ എന്നിവ ഇക്കാലത്തെ പ്രധാന പുരോഗതിയിൽ ചിലതു മാത്രം. ജില്ലാ ആശുപത്രിയുള്‍പ്പെടെ സർക്കാർ-സ്വകാര്യ ആശുപത്രികള്‍, ഡിസ്പെൻസറികള്‍ എന്നിവയും നമ്മുടെ പഞ്ചായത്തിന്‍റെ വികസനത്തിന്‍റെ പുതിയ ഏടുകളാണ്. പുതിയ മെഡിക്കൽ കോളേജ്, സഹകരണ മേഖലക്ക് നല്ല വേരോട്ടമുളള ഈ ഗ്രാമപഞ്ചായത്തിലെ ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങളുണ്ട്. കുയിലിമലയിൽ പ്രവർത്തിക്കുന്ന കളക്ട്രേറ്റ്, ജനങ്ങളുടെ നിരവധി ദൈനംദിന ആവശ്യങ്ങക്ക് സദാ സന്നദ്ധരായ ഉദ്ദ്യോഗസ്ഥർ, ശക്തമായ ക്രമ സമാധാനം എന്നിവ ഈ ഗ്രാമപഞ്ചായത്തിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. വാഴത്തോപ്പിന്‍റെ ജനവാസത്തിന്‍റെ ചരിത്രം ആദിവാസികളിൽ നിന്നും തുടങ്ങുമ്പോള്‍ ആധുനിക കാലത്തേക്കുളള യാത്രയുടെ തുടക്കം കുടിയേറ്റ കർഷകരിൽ നിന്നും ആരംഭിക്കുന്നു. അധിക ഭക്ഷ്യോത്പ്പാദന പരിപാടിയുടെ ഭാഗമായി കുടിയേറിയ കർഷകർ ഈ മണ്ണിനെ സംരക്ഷിക്കുവാനും കനകം വിളയിക്കുവാൻ വേണ്ടി നടത്തിയ ചെറുത്ത് നിൽപ്പുകളും പരിശ്രമങ്ങളും ചരിത്രത്തിന്‍റെ ഭാഗമാണ്.

തിരുവതാംകൂറിൽ കുരുമുളകിനുണ്ടായ വിലക്കയറ്റം കൃഷിക്കാർക്ക് കുരുമുളക് കൃഷി നടത്തുന്നതിന് പ്രോത്സാഹനമായി. പാരമ്പര്യമായി ശീലിച്ചുവന്ന കൃഷി രീതികളും കുരുമുളക് കൃഷിയും ചേർത്ത് സമ്മിശ്ര കൃഷി രീതി കർഷകർ ശീലിക്കുകയും, തുടർന്ന് വരികയും ചെയ്യുന്നു. സമ്മിശ്ര കൃഷിരീതി സ്വീകരിച്ചതു മൂലം ദൈനംദിന ആവശ്യങ്ങള്‍ സാധിവെങ്കിലും കർഷകർ സാമ്പത്തികമായി പിന്നോക്കം പോയി. തന്നെയുമല്ല, വർഷാവർഷം മണ്ണിളക്കിയുളള ആവർത്തന കൃഷി മൂലം മണ്ണോലിപ്പ് വർദ്ധിക്കുകയും, മണ്ണിന്‍റെ ഫലപുഷ്ടി നഷ്ടപ്പെടുകയും ചെയ്തു.

വാഴത്തോപ്പിലെ ആദ്യകാല കുടിയേറ്റക്കാർ

  1. പുത്തൻപുരയ്ക്കൽ നീലകണ്ഠൻ നാണു

  2. അറയ്ക്കൽ മത്തായി ഒൌസേപ്പ്

  3. കുത്താനാപ്പിളളിൽ ജോസഫ് മത്തായി

  4. ചക്കാലയിൽ ഉലഹന്നാൻ ഉലഹന്നാൻ

  5. കൊച്ചുപറമ്പിൽ മത്തായി ഉലഹന്നാൻ

  6. ഈന്തുങ്കൽ വർക്കി സ്കറിയ

  7. കിഴക്കേടത്ത് ആഗസ്തി കുര്യാക്കോസ്

  8. കൊച്ചുപുരയ്ക്കൽ ലൂക്ക ഉലഹന്നാൻ

  9. മണിമല സ്കറിയ ദേവസ്യ

  10. മംഗലത്ത് മത്തായി കുര്യൻ

  11. ആലപ്പുര ആഗസ്തി ആഗസ്തി

  12. ചാലപ്പാട്ട് വർഗ്ഗീസ് ആഗസ്തി

  13. ചക്കരവേലിൽ ഇട്ടൻ ശങ്കരൻ

  14. കളപ്പുരക്കൽ ചെറിയാൻ ജോസഫ്

  15. പുളളിക്കാട്ടിൽ തൊമ്മൻ ജോസഫ്

  16. പുല്ലുമാക്കൽ പൌലോസ് മൈക്കിള്‍

     ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ആവിർഭാവത്തോടെ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ആളുകള്‍ പഞ്ചായത്തിൽ എത്തി. ഇത് കാർഷിക വിളകളുടെ വിപണനത്തിന് സഹായകരമായിത്തീരുകയും, മൃഗസംരക്ഷണ മേഖലയിൽ പുതിയ ഉണർവ് സൃഷ്ടിക്കുകയും ചെയ്തു. പൈനാവ്, വാഴത്തോപ്പ് കോളനികള്‍ കേന്ദ്രികരിച്ചുളള പാൽ കച്ചവടം ഒട്ടേറേ പേർക്ക് സ്ഥിരവരുമാനം ലഭ്യമാക്കി.

     ഭക്ഷ്യധാന്യങ്ങള്‍ വിളയിച്ച് പട്ടിണി മാറ്റുന്നതിനു വേണ്ടി നാട്ടിൻപുറത്തിന്‍റെ സൌകര്യങ്ങളുപേക്ഷിച്ച് മലകയറി എത്തിയ ഒരു തലമുറയ്ക്കു ചുറ്റും കൊടുംകാടും, വന്യമൃഗങ്ങളും, മലമ്പനിയും, നീയമത്തിന്‍റെയും നിയമപാലകരുടെയും ഭീഷണികളുമായിരുന്നു. ഒരു തലമുറ തങ്ങളുടെ ജീവിതം ഹോമിച്ച് പടുത്തുയർത്തിയ ഈ പഞ്ചായത്ത് ഇന്ന് ലോകമറിയപ്പെടുന്ന ജലവൈദ്യുത പദ്ധതിയുടെ നാടായി തീർന്നു. കുടാതെ ഇടുക്കി ജില്ലയുടെ ആസ്ഥാനവും, കൈയ്യെത്തും ദൂരത്ത് ആധുനിക സുഖസൌകര്യങ്ങളുടെ ആരവങ്ങളും ഉയരുമ്പോള്‍ ഈ കാർഷിക മേഖലയും, അവിടുത്തെ പഴമക്കാരും മണ്ണൊലിപ്പ് മൂലവും രാസവളപ്രയോഗം കൊണ്ടും ഫലപുഷ്ടി നഷ്ടപ്പെട്ട മണ്ണിനേയും, വനനശീകരണവും, അശാസ്ത്രീയമായ ഉപഭോഗവും നിമിത്തം നഷ്ടപ്പെട്ട ജലസമ്പത്തും വീണ്ടെടുത്ത് മണ്ണിനെയും കാലാവസ്ഥയേയും തങ്ങളുടെതാക്കി മാറ്റുന്നതിന് കഠിനപ്രയ്തനം തുടരുകയാണ്.